കുമ്പള: ഒരു മാസം പ്രായമായ ആൺകുഞ്ഞിനെ വളർത്താനെന്ന പേരിൽ മറ്റൊരാൾക്കു കൈമാറിയ പിതാവ് കസ്റ്റഡിയിൽ. ബംഗളൂരുവിൽ ഹോട്ടൽ ജോലിക്കാരനായ കുമ്പള സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ആദ്യ ഭർത്താവ് മരിച്ച കുമ്പള സ്വദേശിനിയായ യുവതിയാണു കുഞ്ഞിന്റെ അമ്മ. ഇവർ ഗർഭിണിയാണെന്നു നേരത്തേ അറിയാമായിരുന്ന ആരോഗ്യ പ്രവർത്തക പ്രസവശേഷം കുഞ്ഞിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ മറ്റൊരാളിന് വളർത്താനേൽപ്പിച്ചതായി അറിഞ്ഞത്. ഇവർ ജില്ലാ ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ബദിയഡുക്ക നീർച്ചാൽ സ്വദേശിനിയായ മറ്റൊരു സ്ത്രീയുടെ വീട്ടിൽ കുഞ്ഞിനെ കണ്ടെത്തിയത്.
താൻ കുഞ്ഞിനെ വിലയ്ക്കു വാങ്ങിയതല്ലെന്നും വളർത്താനായി ഏറ്റെടുത്തതു മാത്രമാണെന്നുമാണ് ഇവർ പറയുന്നത്. കുഞ്ഞിനെ ഇവരുടെ പക്കൽനിന്നു ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
കുഞ്ഞിനെ കൊണ്ടുപോകുന്നതിനെതിരേ ഇവർ ആത്മഹത്യാഭീഷണി മുഴക്കിയെങ്കിലും ആരോഗ്യ പ്രവർത്തകർ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ സംരക്ഷണത്തിന് നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുമെന്ന്ു ജില്ലാ ശിശുക്ഷേമസമിതിയും ഉറപ്പുനൽകി.
കുഞ്ഞിന്റെ അമ്മയുടെ ആദ്യവിവാഹത്തിൽ വേറെയും മക്കളുണ്ട്. ഇവരുടെകൂടി അറിവോടെയാണു പിതാവ് കുഞ്ഞിനെ കൈമാറിയതെന്നാണു സൂചന. പിതാവിനും മറ്റൊരു ഭാര്യയും മക്കളുമുണ്ട്.